Wednesday, March 31, 2010

വിഢ്ഢിദിനത്തില്‍ ഒരു തുടക്കം

ന്ന് 2010 ഏപ്രില്‍ ഒന്ന്. ലോക വിഢ്ഢിദിനം. ഓരോ ദിവസവും വിഢ്ഢികളാക്കപ്പെടുന്ന സാധാരണക്കാരുടെയും,ദളിതരുടെയും,കുട്ടികളുടെയും മുഖങ്ങളാണ് എവിടെയും. കുടിപ്പള്ളിക്കുടത്തിലും, പള്ളിക്കുടത്തിലും,വിദ്യാഭ്യാസത്തിന്‍റെ പേരില്‍ കുട്ടികള്‍ വി്ഢ്ഢികളാക്കപ്പെടുന്നു.സ്വന്തം പഠിപ്പീരില്‍ വിശ്വാസമില്ലാതെ സ്വന്തം സൃഷ്ടികളെ അണ്‍ എയിഡഡ് ജയിലുകളിലാക്കി, ശന്പളത്തിനും,സ്റ്റാറ്റസിനുമായി പൊതുവിദ്യാലയങ്ങളിലെത്തുന്ന അധ്യാപകര്‍ ഓരോ നിമിഷവും വിഢ്ഢികളാക്കുന്ന കുട്ടികളുടെ ദിനം. രാഷ്ടീയ ക്കാരന്‍റെയും ഭരണാധികാരകളുടെയും ഒത്തുകളികളിലൂടെ നിമിഷം പ്രതി വിഢ്ഢികളാക്കപ്പെടുന്ന സാധാരണക്കാരുടെ ദിനം. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തലിന്‍റെയും, അടിമത്വത്തിന്‍റെയും ചങ്ങലകളില്‍ പിടഞ്ഞ്,സ്വാതന്ത്ര്യാനന്തരം വിവിധ ഉദ്ധാരണ പദ്ധതികള്‍ വഴി കോടികള്‍ കവര്‍ന്ന് ഇന്നും കിഴാള വേദനകള്‍ അടിച്ചേല്‍പ്പിച്ച് ഭരണകൂടങ്ങളും മാധ്യമങ്ങളും വേദനിപ്പിച്ച്,അവഗണിച്ച് വി്ഢ്ഢികളാക്കുന്ന ദിനം. പരസ്യക്കാരന്‍റെയും, പത്രമുതലാളിയുടെയും താല്‍പര്യം പണം കൊടുത്ത് വാങ്ങി ഓരോ പ്രഭാതത്തിലും വിഢ്ഢികളാകുന്ന സാക്ഷരതയില്‍ അഭിമാനം കൊള്ളുന്ന അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും വിശ്വസിച്ച് വിവേകിയായെന്ന് ഊറ്റം കൊള്ളുന്ന ബുദ്ധി ജിവിയുടെ ദിനം. ഈ വിഢ്ഢിദിനത്തില്‍ വാര്‍ത്തക്ക് പിന്നിലെ നേരന്വേഷിക്കുന്നതിനും, ദൈനം ദിനം തമസ്കരിക്കപ്പെടുന്ന സത്യങ്ങള്‍ പങ്കുവക്കുന്നതിനും ഈ വിഢിദിനത്തില്‍ ശുഭാരംഭം. നമുക്കിവിടെ മതിലുകള്‍ വേണ്ട.പരിചകള്‍ വേണ്ട. നമുക്കെല്ലാം തുറന്നിടാം.

2 comments:

എല്‍.റ്റി. മറാട്ട് said...

ആശംസകള് ..!!

R.Thulasi said...

നന്ദി വീണ്ടും കാണണേ..