Thursday, April 1, 2010

കണ്ണുതുറക്കാത്ത കമ്മ്യൂണിസ്റ്റ് ദൈവങ്ങല്‍

 വാര്‍ത്തയുടെ സമാന്തരമായി എത്രയെത്ര വേദനകളാണ് നേരിടേണ്ടിവരുന്നത്. ഇന്നലത്തെ ദുരന്ത സന്ദര്‍ഭത്തില്‍ ദുരന്തനല്‍കിയ ഞെട്ടലിനേക്കാളും, വിഷമത്തെക്കാളും തീഷ്ണമായ രണ്ട് അനുഭവങ്ങള്‍ പങ്കുവയ്ക്കാം.
1. ദുരന്ത നിവാരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഫയര്‍ ഫോഴ്സിന്‍റെ പരിമിതകള്‍ പരിഹാസ്യവും പ്രതിഷേധാര്‍ഹവുമായിരുന്നു. കുറച്ച് പ്ലാസ്റ്റ് വടങ്ങളും,  തൊട്ടി കിണറ്റില്‍ പോയാല്‍ അതെടുക്കാന്‍ ഉപയോഗിക്കുന്ന പഴമക്കാര്‍ പറയുന്ന പാതാകളകരണ്ടി പോലെയുള്ള ഹൂക്കുകളും, രണ്ട് വെട്ടുകത്തിയും, മരം മുറിക്കുന്ന ഇലക്ടിക് വാളും ചേര്‍ന്നാല്‍ ഫയര്‍  ഫോഴ്സിന്‍റെ രക്ഷാ ഉപകരണങ്ങളുടെ പട്ടിക ശുഭം. അപകടത്തില്‍  പരിക്കേല്‍ക്കുന്ന വരെ ആശുപത്രിയിലെത്തിക്കാന്‍ ഒരു ആംബുലന്‍സോ, അവരെ കിടത്താന്‍ ഒരു സ്ട്രകച്ചറോ ഇല്ല. ഫയര്‍ എഞ്ചിനില്‍ പാഞ്ഞെത്തുന്ന    സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി സാഹസം കാണിക്കുന്ന കുറച്ച് ഉദ്യോസസ്ഥന്മാര്‍. അവര്‍ക്ക് നേരെയാണ് രക്ഷാ സാമഗ്രികള്‍ ഇല്ലാത്തതിന് നാട്ടുകാര്‍ കുതിരകയറുന്നത്. 
കോടികള്‍ മുടക്കി ആഡംബര കാറുകള്‍ വാങ്ങുകയും വീടുകള്‍ മോടിപിടിപ്പിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ദൈവങ്ങള്‍ക്ക് പോലും മനുഷ്യന്‍റെ ജീവന്‍ രക്ഷിക്കാന്‍ അവശ്യം  വേണ്ട  ആധുനീക ഉപകരണങ്ങല്‍ വാങ്ങി നല്‍കാന്‍ മനസ്സുവരുന്നില്ല.  മഹാനായ മാര്‍ക്സേ ഇവറ്റകളുടെ തലയില്‍ എന്നാണ് മാനവചിന്ത ഉദിക്കുക. ഇവരുടെ ചങ്കുകളിലെന്നാണ് നന്മയുടെ നിലാവെളിച്ചം പകരുക...... 
2. ദുരന്ത സ്ഥലത്ത് ഓടിയെത്തിയവരില്‍ ഭൂരിഭാഗവും സര്‍ക്കാര്‍-സ്വകാര്യ മദ്യമുതലാളിമാര്‍ക്ക് വേണ്ടി അന്നന്നത്തെ അധ്വാനം ഫലം കാഴ്ച വെക്കുന്നവര്‍. കുടിയ ജനക്കൂട്ടത്തില്‍ മദ്യാപിക്കാത്തവരെ കണ്ടെത്താന്‍ പ്രയാസം. ഇത്തിര മദ്യം അകത്ത് കിടക്കുന്ന വരുടെ  എല്ലാം വികാരം ഉണര്‍ന്നു. വൈകിയെത്തിയവരും ഫയര്‍ഫോഴഅസുകാര്‍ വൈകിയെത്തിയെന്നാരൊപിച്ച് അപരെ കൈകാര്യം ചെയ്യണമെന്ന നിലപാടെടുത്തു. നടന്ന ദുരന്തത്തേക്കാള്‍ കൊടിയ ദുരന്തകാഴ്ചയായിരുന്നു ഈ മദ്യപകൂട്ടം. ഫയര്‍ഫോഴ്സിന് ആംബുലന്‍സും, ഓക്സിജന്‍ ഉപകരണങ്ങളും നല്‍കാന്‍ പണമില്ലാത്ത സര്‍ക്കാര്‍ മുക്കിന് മുക്കിന് മദ്യഷാപ്പുകള്‍ തുറക്കുന്ന തില്‍ കാണിക്കുന്ന ജനകീയത നമുക്കിനി മാര്‍ക്സിന്‍െയും ലെനിന്‍റെയും ക്രതികളില്‍ പരതി പരവശറാകാം.
 നമസ്കാരം വീണ്ടു കാണാം.

ഒരു വാര്‍ത്താ നഷ്ടത്തിന്‍റെ നൊന്പരം

സമയം  വിഢ്ഢി ദിനത്തിലേക്ക് സൂചി തിരിക്കുന്പോള്‍ നാട്ടില്‍ രണ്ട് യുവാക്കള്‍ കിണറ്റില്‍ വീണ് മരിക്കുന്നു. വാര്‍ത്താ ലേഖകനെ സംബന്ധിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം. ചെറുമൂട്ടില്‍ രാത്രി 10 മണിയോടടുത്ത സമയത്ത് വീട്ടിലെത്തിയ യുവ എഞ്ചിനിയര്‍ വീട്ടിനുള്ളില്‍ ചൂട് കുടുതലായതിനാല്‍ മുറ്റത്തുള്ള കിണറിന്‍റെ ചുറ്റുമതിലില്‍ കയറിയിരുന്നു. അബദ്ധത്തില്‍ കാല്‍ വഴിതി കിണറ്റില്‍ വീണു.  വീട്ടുകാരുടെ നിലവിളി  കേട്ടെത്തിയ അയല്‍ക്കാരനായ യുവാവ് കിട്ടിയ കയര്‍കെട്ടി കിണറ്റിലിറങ്ങുന്നു.  കുറച്ച് താഴെ എത്തിയപ്പോഴേക്കും പ്രാണവായു കിട്ടാതെ പ്രയാസപ്പെടുന്നു. തിരകെ കയറാന്‍ വെപ്രാളപ്പെടുന്നതിനിടയില്‍ കയര്‍ പൊട്ടി കിണറ്റില്‍ വീഴുന്നു. സംഭവം അറിഞ്ഞ് പോലീസും, ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങളും ഓക്സിജന്‍ സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ സാധനങ്ങളുമില്ലാത്തതിനാല്‍ ദുരന്തസാക്ഷികളായി കാക്കിക്കാ നില്‍ക്കുന്നു. പിന്നീട് കടപ്പാക്കടയില്‍ നിന്ന് ഒക്സിജന്‍ സാമഗ്രികളുമായെത്തിയ ഫയര്‍ ഫോഴ്സ് കിണറ്റില് അകപ്പെട്ടവരെ പുറത്തെടുക്കാന്‍ നടത്തിയ ശ്രമത്തിനിടെ വലപൊട്ടിയത് ദുരന്തപ്രദേശത്ത് വന്ന് ചേര്‍ന്ന ജനക്കൂട്ടത്തെ ക്ഷുഭിതരാക്കി. ഫയര്‍ ഫോഴ്സുകാരില്‍ ഓരാളെ ജനം മര്‍ദ്ദിച്ചു. കിണറ്റില്‍ വീണ രണട് യുവാക്കളും മരിച്ചു. 
ഒരു സ്വ.ലേ.യുടെ സംങ്കടം ഇനി തുടങ്ങുന്നു. സംഭവം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞപ്പേഴേക്കും സ്ഥലത്തുണ്ടായിരുന്ന ഓരു പോലീസ് സുഹൃത്തും  ജനപ്രതിനിധിയും വിവരം എന്നെ അറിയിച്ചു. ബൈക്കിന്‍റെ ഹെഡ് ലൈറ്റ് ഫൂസായത് മാറാന്‍ കഴിയാത്തതിനാല്‍  സംഭവസ്ഥലത്തേക്ക് കുതിക്കാന്‍ കഴിഞ്ഞില്ല. ഉടന്‍ തന്നെ സുഹൃത്തായ പത്രപ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. രാത്രിയായില്ലേ  എല്ലാവര്‍ക്കും  ഒന്നിച്ച് നാളെ കൊടുക്കാം എന്ന സമാധന വചനം.  ലൈറ്റില്ലാത്ത ബൈക്കും മരണം അറിഞ്ഞ് അലമുറയിടുന്ന  മരിച്ചവരുടെ പടവും വിവരങ്ങളും എടുക്കാനായി ബന്ധുക്കളെ സമീപിക്കുന്നതിലെ വിഷമവും ഓര്‍ത്തപ്പോള്‍ നാളെയാകട്ടെ എന്ന സാന്ത്വനത്തിന് മനസ്സ് പിന്‍തുണയേകി.  പക്ഷേ രാത്രി ഒരു മണിയോടെ പത്രപ്രവര്‍ത്തക സുഹൃത്ത് വിളിച്ചുണര്‍ത്തി. അദ്ദേഹത്തെ മുകളില്‍ നിന്ന് വിളിച്ചെന്നും അത്യാവശ്യം വിവരം കൊടുക്കുകയാണെന്നും പറഞ്ഞു. വൈകിയതിനാല്‍ എനിക്ക് കൊടുക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞപ്പോള്‍ വിഷമം തോന്നി. എന്നാല്‍ അതിലേറെ വിഷമം ഇന്നത്തെ പത്രങ്ങല്‍ കണ്ടപ്പോഴാണ് ഉണ്ടായത്. മൂന്ന് പത്രങ്ങളിലും വാര്‍ത്ത ഒന്നാം പേജില്‍ വന്നിരിക്കുന്നു. 
ഒരു പത്രപ്രവര്‍ത്തകന് ഒരിക്കലും തോന്നരുതാത്തതാണ് ഇന്നലെ എനിക്ക് തോന്നിയ എങ്കില്‍ നാളെയാക്കാം എന്ന അലസത. ബൈക്കിന്‍റെ ലൈറ്റില്ലാത്തത് ആശ്വാസമാക്കരുതായിരുന്നു. നന്നായിവാര്‍ത്ത ചെയ്യാമായിരുന്നത് ഒരു നിമിഷനേരത്തെ മനസ്സിന്‍റെ മയക്കം തട്ടിമാറ്റിയത് മനസ്സില്‍ എന്നും വേദനിക്കുന്ന  ഒരു ഓര്‍മ്മപ്പെടുത്തലായി ശേഷിക്കും.

Wednesday, March 31, 2010

വിഢ്ഢിദിനത്തില്‍ ഒരു തുടക്കം

ന്ന് 2010 ഏപ്രില്‍ ഒന്ന്. ലോക വിഢ്ഢിദിനം. ഓരോ ദിവസവും വിഢ്ഢികളാക്കപ്പെടുന്ന സാധാരണക്കാരുടെയും,ദളിതരുടെയും,കുട്ടികളുടെയും മുഖങ്ങളാണ് എവിടെയും. കുടിപ്പള്ളിക്കുടത്തിലും, പള്ളിക്കുടത്തിലും,വിദ്യാഭ്യാസത്തിന്‍റെ പേരില്‍ കുട്ടികള്‍ വി്ഢ്ഢികളാക്കപ്പെടുന്നു.സ്വന്തം പഠിപ്പീരില്‍ വിശ്വാസമില്ലാതെ സ്വന്തം സൃഷ്ടികളെ അണ്‍ എയിഡഡ് ജയിലുകളിലാക്കി, ശന്പളത്തിനും,സ്റ്റാറ്റസിനുമായി പൊതുവിദ്യാലയങ്ങളിലെത്തുന്ന അധ്യാപകര്‍ ഓരോ നിമിഷവും വിഢ്ഢികളാക്കുന്ന കുട്ടികളുടെ ദിനം. രാഷ്ടീയ ക്കാരന്‍റെയും ഭരണാധികാരകളുടെയും ഒത്തുകളികളിലൂടെ നിമിഷം പ്രതി വിഢ്ഢികളാക്കപ്പെടുന്ന സാധാരണക്കാരുടെ ദിനം. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തലിന്‍റെയും, അടിമത്വത്തിന്‍റെയും ചങ്ങലകളില്‍ പിടഞ്ഞ്,സ്വാതന്ത്ര്യാനന്തരം വിവിധ ഉദ്ധാരണ പദ്ധതികള്‍ വഴി കോടികള്‍ കവര്‍ന്ന് ഇന്നും കിഴാള വേദനകള്‍ അടിച്ചേല്‍പ്പിച്ച് ഭരണകൂടങ്ങളും മാധ്യമങ്ങളും വേദനിപ്പിച്ച്,അവഗണിച്ച് വി്ഢ്ഢികളാക്കുന്ന ദിനം. പരസ്യക്കാരന്‍റെയും, പത്രമുതലാളിയുടെയും താല്‍പര്യം പണം കൊടുത്ത് വാങ്ങി ഓരോ പ്രഭാതത്തിലും വിഢ്ഢികളാകുന്ന സാക്ഷരതയില്‍ അഭിമാനം കൊള്ളുന്ന അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും വിശ്വസിച്ച് വിവേകിയായെന്ന് ഊറ്റം കൊള്ളുന്ന ബുദ്ധി ജിവിയുടെ ദിനം. ഈ വിഢ്ഢിദിനത്തില്‍ വാര്‍ത്തക്ക് പിന്നിലെ നേരന്വേഷിക്കുന്നതിനും, ദൈനം ദിനം തമസ്കരിക്കപ്പെടുന്ന സത്യങ്ങള്‍ പങ്കുവക്കുന്നതിനും ഈ വിഢിദിനത്തില്‍ ശുഭാരംഭം. നമുക്കിവിടെ മതിലുകള്‍ വേണ്ട.പരിചകള്‍ വേണ്ട. നമുക്കെല്ലാം തുറന്നിടാം.